ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്ന കെമിസ്ട്രി പ്രഫസര്‍ക്ക് ജീവപര്യന്തം തടവ്

Update: 2025-07-30 10:14 GMT

ഭോപാല്‍: ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ മുന്‍ കെമിസ്ട്രി പ്രഫസറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഛത്തര്‍പുരില്‍ കെമിസ്ട്രി പ്രൊഫസറായിരുന്ന മമ്ത പഥക്കി(65)ന്റെ ശിക്ഷയാണ് മധ്യപ്രദേശ് ഹൈക്കോടതി ശരിവെച്ചത്. മമ്ത കുറ്റക്കാരിയാണെന്ന് വിചാരണക്കോടതി 2022ല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പ്രതി സ്വന്തമായാണ് വാദിച്ചത്. വൈദ്യുതിയുടെ സ്വഭാവവും മനുഷ്യശരീരത്തിന്റെ പ്രതികരണവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാല്‍, ഇതെല്ലാം പ്രതിക്കെതിരായ തെളിവുകളുടെ മുന്നില്‍ ഒന്നുമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവിന് മരുന്ന് നല്‍കിയശേഷം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് മമ്ത പഥക്കിനെതിരേയുള്ള കേസ്. 2021 ഏപ്രില്‍ 29നാണ് മമ്തയുടെ ഭര്‍ത്താവ് ഡോ. നീരജ് പഥക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞതിന് ശേഷം ദമ്പതിമാര്‍ വീണ്ടും ഒരുമിച്ച് ജീവിതം ആരംഭിച്ചശേഷമായിരുന്നു സംഭവം. ഭര്‍ത്താവിനെ മമ്തയ്ക്ക് സംശയമായിരുന്നുവെന്നും പോലിസ് പറഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയിലാണ് മമ്തയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്താണ് മമ്ത ഹൈക്കോടതിയെ സമീപിച്ചത്.

വൈദ്യുതാഘാതമേറ്റുള്ള പൊള്ളലും ചൂടുകാരണമുള്ള പൊള്ളലും കാണുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും കൃത്യമായ രാസപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂവെന്നായിരുന്നു മമ്ത ഹൈക്കോടതിയില്‍ വാദിച്ചത്. നിങ്ങളൊരു കെമിസ്ട്രി പ്രൊഫസറാണോ എന്ന് ജഡ്ജി ചോദിക്കുന്നതും അതെയെന്ന് പ്രതി മറുപടി നല്‍കുന്നതും അടങ്ങിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

രാസപരിശോധന നടത്താതിരുന്നതും ശാസ്ത്രീയപരിശോധനകളുടെ അഭാവവും പ്രതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായും സ്വത്ത് തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നും പ്രതി വാദിച്ചു. എന്നാല്‍, പ്രതിയുടെ വാദങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. മാത്രമല്ല, പ്രതിക്ക് ഭര്‍ത്താവിനെ സംശയമായിരുന്നുവെന്നും നേരത്തേ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും കോടതി പറഞ്ഞു. നല്ലൊരു അമ്മയായിരുന്നുവെന്ന മമ്തയുടെ വാദത്തോട് സ്‌നേഹനിധിയായ അമ്മയായിരിക്കാമെന്നും അതേസമയം, സംശയാലുവായ ഒരു ഭാര്യയായിരുന്നുവെന്നും കോടതി പ്രതികരിച്ചു.

ഭാര്യ ദിവസങ്ങളോളം തന്നെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഭക്ഷണം പോലും നിഷേധിച്ചെന്നും മര്‍ദിച്ചെന്നും നീരജ് ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. ഈ മൊഴി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിളിച്ച ദിവസം തന്നെയാണ് നീരജിന്റെ മരണം സംഭവിച്ചതും. എന്നാല്‍, താന്‍ ഭക്ഷണവുമായി പോയപ്പോള്‍ ഭര്‍ത്താവിനെ മരിച്ചനിലയില്‍ കണ്ടെന്നായിരുന്നു മമ്തയുടെ മൊഴി. പിറ്റേദിവസം തനിക്ക് ഡയാലിസിസിന് പോകാനുണ്ടായിരുന്നതിനാല്‍ പോലിസിനെ അറിയിക്കാനായില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇതെല്ലാം പ്രതിയുടെ ക്രൂരതയുടെ തെളിവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.