ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരി

Update: 2025-10-23 11:34 GMT

തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (60) അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. 2013 ജൂലൈ ആറിന് പുലര്‍ച്ചെയാണ് വീടിനടുത്തുള്ള റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലിസ് കണ്ടെത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സംഭവസമയത്ത് മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൊലയ്ക്കുശേഷം 30 മീറ്ററോളം അകലെ മൃതദേഹം വലിച്ചിഴച്ചിടുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നിത്യരോഗിയാണെന്നും റോസമ്മ പറഞ്ഞു. ക്രൂരമായ കൊലപാതകമാണെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.