തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
500 കിലോമീറ്റര്‍ വരെ 7,500 രൂപ
ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാന്‍ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏര്‍പ്പെടുത്തിയത്. വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയം ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി ഇങ്ങനെയാണ്; 500 കിലോമീറ്റര്‍ വരെ 7,500 രൂപ, 500 മുതല്‍ 1,000 കിലോമീറ്റര്‍ വരെ 12,000 രൂപ, 1,000 കിലോമീറ്റര്‍ മുതല്‍ 1,500 കിലോമീറ്റര്‍ വരെ 15,000 രൂപ, 1,500 കിലോമീറ്ററിനു മുകളില്‍ 18,000 രൂപ. എന്നിങ്ങനെയാണ് ഇക്കോണമി ടിക്കറ്റിലെ പരിധി നിശ്ചിയിച്ചിരിക്കുന്നത്. യൂസര്‍ ഡവലപ്മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, നികുതി എന്നിവ ഇതിനു പുറമേയാണ്. ബിസിനസ് ക്ലാസിനും ഉഡാന്‍ ഫ്ലൈറ്റുകള്‍ക്കും ഈ നിരക്ക് ബാധകമല്ല.
അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ എത്തുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇന്ന് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള നോണ്‍-സ്റ്റോപ്പ് എയര്‍ ഇന്ത്യ ടിക്കറ്റിന് 55,955 മുതല്‍ 64,557 രൂപ വരെയായിരുന്നു നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് നിരക്കുകള്‍ വ്യക്തമാക്കുന്നത്. നിരക്കുകള്‍ പരിമിതപ്പെടുത്തിയെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.
