സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് കേന്ദ്രം അരി നല്‍കുന്നത് സബ്‌സിഡി നിരക്കില്‍
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിലും ഏറെ കുറഞ്ഞ നിരക്കില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) സ്വകാര്യ എഥനോള്‍ ഡിസ്റ്റിലറികള്‍ക്ക് അരി വില്‍ക്കുന്നുവെന്ന് റിപോര്‍ട്ട്. ജൈവ ഇന്ധനത്തിനായുള്ള എഥനോള്‍ ഉല്‍പാദനത്തിനായാണ് സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് അരി നല്‍കുന്നത്. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ കോര്‍പറേറ്റ് പ്രീണനം വ്യക്തമായത്. കേന്ദ്രസര്‍ക്കാരിന്റെ എഥനോള്‍ നയത്തിലെ ഗുരുതരമായ പിഴവാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ജൈവ ഇന്ധനമായി എഥനോള്‍ നിര്‍മ്മിക്കാന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 31.83 ലക്ഷം മെട്രിക് ടണ്‍ അരി എഫ്‌സിഐ സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് വിറ്റതായി സര്‍ക്കാര്‍ അറിയിച്ചതാണ്. 2022-23ല്‍ കിലോയ്ക്ക് 20 രൂപ (ക്വിന്റലിന് 2000 രൂപ) എന്ന നിരക്കിലും, 2024-25ല്‍ 22.50 രൂപ (ക്വിന്റലിന് 2250 രൂപ) നിരക്കിലും അരി നല്‍കിയതായി കേന്ദ്രം സമ്മതിച്ചു. 2025-26ല്‍ ഈ നിരക്ക് കിലോയ്ക്ക് 23.20 രൂപയായി തിരുത്തിയിട്ടുണ്ട്. അതേകാലഘട്ടങ്ങളില്‍ നെല്‍ കര്‍ഷകര്‍ക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ പിന്തുണവില (എംഎസ്പി) 2022-23ല്‍ കിലോയ്ക്ക് 20.40 രൂപ, 2024-25ല്‍ 23 രൂപ, 2025-26ല്‍ 23.69 രൂപ എന്ന നിലയിലാണ്. അതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് സ്വകാര്യ എഥനോള്‍ നിര്‍മാതാക്കള്‍ക്ക് അരി ലഭിക്കുന്നതെന്നതാണ് വിവാദത്തിന്റെ കേന്ദ്രം.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതേ നിരക്കിലാണ് അരി വാങ്ങേണ്ടത്. ഇതിനു പുറമെ ഗതാഗതം, കൈകാര്യം, സംഭരണം, വിതരണം തുടങ്ങിയ അധിക ചെലവുകള്‍ കൂടി വരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിക്കേണ്ട അവസ്ഥയാണുണ്ടാകുന്നത്. സംസ്ഥാനങ്ങള്‍ പൊതുവിതരണ ശൃംഖലയിലൂടെ സാധാരണ ജനങ്ങള്‍ക്ക് കിലോക്ക് 25 രൂപയ്ക്കടുത്ത നിരക്കിലാണ് അരി നല്‍കുന്നത്. അതേസമയം, കോര്‍പ്പറേറ്റ് ഡിസ്റ്റിലറികള്‍ക്ക് കിലോയ്ക്ക് 20 മുതല്‍ 22.50 രൂപ വരെയുള്ള നിരക്കില്‍ അരി ലഭിക്കുന്നതായി സര്‍ക്കാരിന്റെ തന്നെ മറുപടി വ്യക്തമാക്കുന്നു. ജൈവ ഇന്ധനത്തിനായുള്ള എഥനോള്‍ ഉല്‍പാദനത്തിനായാണ് സ്വകാര്യ ഡിസ്റ്റിലറികള്‍ക്ക് അരി നല്‍കുന്നത്.

