'10 മിനിറ്റ് ഡെലിവറി' പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രം

Update: 2026-01-13 10:59 GMT

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളായ ബ്‌ളിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റൊ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ '10 മിനിറ്റ് ഡെലിവറി' പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രമുഖ ഇകൊമേഴ്‌സ് കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഡെലിവറി സമയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഈ കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 10 മിനിറ്റ് ഡെലിവറി വാഗ്ദാനം പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ഈ വാഗ്ദാനം അപകടത്തിലാക്കുമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ബെംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ക്രിസ്മസ് ദിനമായ വ്യാഴാഴ്ച വൈകീട്ട് തൊഴിലാളികള്‍ പണിമുടക്കിയത്. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന '10 മിനിറ്റ് ഡെലിവറി' രീതി പിന്‍വലിക്കണമെന്ന് പ്രതിഷേധത്തിനിടെ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. സുതാര്യമായ വേതന ഘടന ഉറപ്പാക്കുക, അപകട ഇന്‍ഷുറന്‍സ് നല്‍കുക, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍.

ഡെലിവറി പങ്കാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിക്കാനും ജോലി സമയം ക്രമീകരിക്കാനും ബ്ലിങ്കിറ്റ് ആലോചിക്കുന്നുണ്ട്. വിപണിയിലെ മറ്റ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളായ സെപ്‌റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവരും സമാനമായ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ബ്ലിങ്കിറ്റിന്റെ ഈ തീരുമാനം മറ്റ് പ്ലാറ്റ്‌ഫോമുകളെയും സ്വാധിനിച്ചേക്കുമെന്നാണ് വിശ്വാസം.

Tags: