2018ലെ പ്രളയത്തില്‍ വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയില്ല; ഇപ്പോള്‍ മഹാരാഷ്ട്രക്ക് അനുമതി നല്‍കി കേന്ദ്രം

Update: 2025-05-31 16:12 GMT
2018ലെ പ്രളയത്തില്‍ വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നല്‍കിയില്ല; ഇപ്പോള്‍ മഹാരാഷ്ട്രക്ക് അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയ കാലത്ത് വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാരിന് വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നല്‍കിയതെന്ന് ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തു. പ്രകൃതിദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കോ വൈദ്യ-വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കോ സാമ്പത്തിക സഹായം നല്‍കുന്നതിനായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ സ്ഥാപനത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ ഫണ്ടുകള്‍ സാധാരണയായി ആഭ്യന്തര സംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്.

2018ലെ പ്രളയകാലത്ത് കേരളത്തിന് സഹായം നല്‍കാമെന്ന് യുഎഇ, മാലി, ഖത്തര്‍, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, വിവിധ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അത് നിഷേധിച്ചു. അത്യാവശ്യമാണെങ്കില്‍ മാത്രമേ വിദേശസഹായം സ്വീകരിക്കാവൂയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. തുടര്‍ന്ന് അതെല്ലാം നിഷേധിക്കുകയായിരുന്നു. പക്ഷേ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ദുരിതാശ്വാസ നിധിക്ക് അനുമതി നല്‍കി.

ഈ വര്‍ഷം രാജ്യത്ത് 244 എന്‍ജിഒകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ എഫ്‌സിആര്‍എ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. രാമകൃഷ്ണ മിഷന്‍ കൊല്‍ക്കത്ത, രാമകൃഷ്ണ മിഷന്‍ ആശുപത്രി ഇറ്റാനഗര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Similar News