കേന്ദ്ര സര്‍വീസില്‍ നേരിട്ടുള്ള നിയമനം; ഉന്നത തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളാണ് നിലവില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷന്‍ (ഒആര്‍എ) സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 2026 മെയ് ഒന്നിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അപേക്ഷകരുടെ എണ്ണം അനുസരിച്ച് അഭിമുഖം വഴിയോ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് വഴിയോ ആയിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തുക.
ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ വിജ്ഞാപനത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 25 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ വിജ്ഞാപനത്തിനുമായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.