കേന്ദ്ര ലേബര്‍ കോഡ്; തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന്

തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കും

Update: 2025-11-27 02:34 GMT

തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരേ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ ഉള്‍പ്പെടെ അറിയിക്കും. എന്നാല്‍ കരട് തയ്യാറാക്കിയ സമയത്ത് ട്രേഡ് യൂണിയനുകളെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ശിവന്‍കുട്ടിയുടെ വിശദീകരണം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് ചട്ടം തയ്യാറാക്കിയതെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കളുടെ പ്രതികരണം.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് യോഗം. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് മന്ത്രി ഇന്നലെ വിശദീകരിച്ചത്. യൂണിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാകൂവെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോഡില്‍ ഇളവു തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതും യോഗത്തിനുശേഷം തീരുമാനമാകും.