ഡൽഹിയിലെ അപകടം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ കേന്ദ്രം

Update: 2024-06-29 05:10 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലില്‍ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരണപ്പെട്ട സംഭവത്തിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗാമായാണ് തീരുമാനം.

എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും മന്ത്രാലയം റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് കനത്ത മഴയില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ടാക്‌സി ഡ്രൈവര്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒന്നാംടെര്‍മിനലിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ടെര്‍മിനലില്‍ യാത്രക്കാര്‍ വരുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കുമുകളിലേക്ക് മേല്‍ക്കൂരയും ഇരുമ്പുതൂണുകളും തകര്‍ന്നുവീഴുകയായിരുന്നു.

പുലര്‍ച്ചെ യാത്രക്കാര്‍ കുറവായതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപവീതവും ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് സാങ്കേതികകമ്മിറ്റിയെ നിയോഗിച്ചതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റുനിരക്ക് മടക്കിനല്‍കുന്നതിനും പകരം വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കിയതായും മന്ത്രി അറിയിച്ചു. സ്വകാര്യകമ്പനിയായ ജിഎംആര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല.

Tags: