രാസവളം വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2025-07-10 05:20 GMT

തിരുവനന്തപുരം: രാസവളം വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊട്ടാഷിന് ഒരു ചാക്കിന് 250 രൂപയാണ് വര്‍ധിപ്പിച്ചത്. പൊട്ടാഷും നൈട്രജനും ഫോസ്ഫറസും ചേര്‍ന്ന കൂട്ടുവളങ്ങള്‍ക്കും വില കൂടി. 1,550ല്‍ നിന്ന് 1,800 രൂപയാക്കിയാണ് വിലയുയര്‍ത്തിയത്. ഫാക്ടംഫോസിന് 1,400ല്‍ നിന്ന് 1,425 ആയി. അടുത്തിടെയാണ് ഇതിന് 1,300ല്‍ നിന്ന് 1,400 ആക്കിയത്.

18:09:18 എന്ന കൂട്ടുവളത്തിന് 1,210ല്‍ നിന്ന് 1,300 ആയി. ഫാക്ടംഫോസിന് തുല്യമായ ഇഫ്‌കോ 20:20:0:13ന് 1,300 ല്‍ നിന്ന് 1,350 ആയി. യൂറിയയുടെ വില 266.50 രൂപയില്‍ തുടരുകയാണെങ്കിലും ആവശ്യത്തിന് കിട്ടാനില്ലെന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

കേന്ദ്ര സര്‍ക്കാര്‍ രാസവളങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയില്‍ കുറവ് വരുത്തിയതും ഫോസ്‌ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതുമാണ് പ്രധാനമായി രാസവളം വില വര്‍ധനവിന് കാരണം. യുദ്ധ സാഹചര്യങ്ങളും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും വളം ഇറക്കുമതി ചെയ്യുന്നത്.

Tags: