എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്കു നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡു ചെയ്യാന്‍ കഴിയുക

Update: 2025-11-12 17:21 GMT

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരേ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര സര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

എന്‍ പ്രശാന്തിനെതിരേ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മസത്തേക്കു കൂടി നീട്ടിയത്. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക. 2024 നവംബര്‍ 10നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടി.

ജയതിലക് നിലവില്‍ ചീഫ് സെക്രട്ടറിയാണ്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിന് വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷനിലക്കു വഴിവച്ചത്.