സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം ; തടയാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഓൺലൈനിലൂടെ പ്രചരിക്കുന്ന "ഇന്ത്യാ വിരുദ്ധ ഉള്ളടക്കം" നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനാരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയൊരു പദ്ധതി തന്നെ തയ്യാറാക്കാനാണ് നീക്കം. വിദ്വേഷ പ്രചരണം തടയുന്നതിനുള്ള ഒരു സുപ്രധാന നടപടിയാണിതെന്ന് സർക്കാർ പറയുന്നു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്റലിജൻസ്, സൈബർ സുരക്ഷാ ഏജൻസികളുമായി കൈകോർത്തു കൊണ്ടാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.
എക്സ് , ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും അക്രമവാസന വളർത്തുന്നതുമായി ബന്ധപ്പെട്ട പരിപാടികൾ പ്രചരിപ്പിക്കുന്നതും വർധിക്കുന്നതിനെ തുടർന്നാണ് തീരുമാനം.
അടുത്തിടെ, ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു, ഗോൾഡി ബ്രാർ എന്നിവരുടെ വീഡിയോകൾ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സർക്കാർ തടഞ്ഞിരുന്നു.
പുതിയ പദ്ധതി പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്വന്തം സംവിധാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയുകയും ചെയ്യും. അവർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പതിവായി സർക്കാരിനെ റിപോർട്ട് ചെയ്യുകയും വേണം.
ഇന്ത്യയ്ക്ക് പുറത്തുനിന്ന് പോസ്റ്റ് ചെയ്യുന്നതും എന്നാൽ രാജ്യത്തിനുള്ളിൽ പങ്കിടുന്നതുമായ വീഡിയോകളും സന്ദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. "വിദേശത്ത് നിന്ന് പോസ്റ്റ് ചെയ്യുന്നവർക്കെതിരെ മാത്രമല്ല, അത്തരം കാര്യങ്ങൾ പങ്കിടുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്ന ഇന്ത്യയിലെ ആളുകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കും," ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തരം വീഡിയോകൾ തടയുന്നതിനുള്ള ഒരു സംവിധാനം ഇതിനകം നിലവിലുണ്ട്, എന്നാൽ പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവ പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതിലേക്കായിരിക്കും. വിഷയത്തിൽ അന്തിമ തീരുമാനം കൈ കൊള്ളാൻ ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, ആശയവിനിമയ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നു.
