സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ പ്രോട്ടോകോളുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2026-02-08 07:15 GMT

ന്യൂഡല്‍ഹി: സുരക്ഷാ സേനകളിലും മറ്റ് തന്ത്രപ്രധാന ഏജന്‍സികളിലും സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ പ്രോട്ടോകോളുമായി കേന്ദ്ര സര്‍ക്കാര്‍. ചാര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടയാന്‍ വിപുലമായ സോഫ്റ്റ് വെയര്‍ അധിഷ്ഠിത ഫയര്‍വാളും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് പ്രോട്ടോക്കോളും വികസിപ്പിക്കാനാണ് തീരുമാനം.ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ ചാരവൃത്തിയ്ക്ക് കൂടുതലായി ഉപയോഗിക്കുന്നെന്ന വിലയിരുത്തലാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.

രാജ്യ സുരക്ഷയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക, ഡിജിറ്റല്‍ ആശയ വിനിമയങ്ങളുടെ നിരീക്ഷണം, ഓഡിറ്റിങ്, ലോഗിങ് എന്നിവ നിര്‍ബന്ധമാക്കുന്നതുമാണ് പുതിയ ചട്ടക്കൂട്.

പുതിയ പ്രോട്ടോകോള്‍ പ്രകാരം രാജ്യത്തെ ഇന്റലിജന്‍സ്, പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഏകീകൃത മാനദണ്ഡങ്ങള്‍ അവതരിപ്പിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.

Tags: