യുദ്ധക്കെടുതിയിലും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം സിപിഎ ലത്തീഫ്

Update: 2026-03-07 09:23 GMT

തിരുവനന്തപുരം: യുദ്ധക്കെടുതിയില്‍ ലോകം ഭയാശങ്കയില്‍ കഴിയുമ്പോഴും സാഹചര്യം മുതലെടുത്ത് യാത്രാ നിരക്ക് വര്‍ധിപ്പിച്ച് തീവെട്ടിക്കൊള്ള നടത്തുന്ന വിമാനക്കമ്പനികളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പ്രവാസികളും വിസിറ്റിങ് വിസയില്‍ ഗള്‍ഫിലെത്തിയവരും അന്യായ വിമാന നിരക്ക് വര്‍ധനയില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 'പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടുന്നു' എന്ന പഴമൊഴി അന്വര്‍ഥമാക്കുന്ന തരത്തിലാണ് വിമാനക്കമ്പനികളുടെ ചൂഷണം.

യുദ്ധം അനിശ്ചിതമായി തുടരുന്നതോടെ ജീവനെങ്കിലും ബാക്കിയാകട്ടെയെന്ന് കരുതി എങ്ങിനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്താന്‍ പ്രവാസികള്‍ ആഗ്രഹിക്കുമ്പോഴാണ് യാത്രാ നിരക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്. ഈ തീവെട്ടി കൊള്ളയ്ക്ക് കടിഞ്ഞാണിട്ടേ മതിയാകൂ. പ്രവാസികള്‍ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് പ്രസംഗിക്കുന്നതില്ല കാര്യം. അടിയന്തര സാഹചര്യങ്ങളില്‍ അവര്‍ക്ക് രക്ഷകരായി എത്താന്‍ ഭരണകൂടത്തിന് സാധ്യമാകണം. വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: