സെന്‍സസ് വിവരങ്ങള്‍ അതീവ രഹസ്യം; സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആര്‍ടിഐക്കും ഉപയോഗിക്കാനാവില്ല

Update: 2026-03-31 06:45 GMT

ന്യൂഡല്‍ഹി: 2027ലെ ദേശീയ സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കുമെന്നും അവ സര്‍ക്കാര്‍ പദ്ധതികള്‍ക്കോ വിവരാവകാശ നിയമപ്രകാരമുള്ള ആവശ്യങ്ങള്‍ക്കോ കൈമാറുകയില്ലെന്നും രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വ്യക്തമാക്കി. വിവരങ്ങളുടെ സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സെന്‍സസ് നിയമത്തിലെ 15ാം വകുപ്പ് ഓരോ പൗരന്റെയും മറുപടികള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ 16ാം സെന്‍സസിന്റെ ആദ്യഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ ആരംഭിച്ചതായും അറിയിച്ചു. സെന്‍സസ് നടപടിയില്‍ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ കോടതികളില്‍ തെളിവായി ഉപയോഗിക്കാനോ സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനോ കഴിയില്ല. ഈ വിവരങ്ങള്‍ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനായി മാത്രമേ ഉപയോഗിക്കൂ. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഈ രേഖകള്‍ അടിസ്ഥാനമാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ആദ്യമായി സെന്‍സസില്‍ 'സെല്‍ഫ് എന്യൂമറേഷന്‍' സംവിധാനം നടപ്പിലാക്കും. വീട് കണക്കെടുപ്പ് തുടങ്ങുന്നതിന് മുന്‍പുള്ള 15 ദിവസത്തെ 'വിന്‍ഡോ പീരിയഡില്‍' പൗരന്മാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗം ഉപയോഗിച്ച് വിവരങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ കഴിയും. മുന്‍പ് പേപ്പര്‍ അടിസ്ഥാനത്തിലായിരുന്നു വിവര ശേഖരണം നടത്തിയിരുന്നത്. ഇത്തവണ മൊബൈല്‍ ആപ്പ് വഴി ഡിജിറ്റല്‍ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഡാറ്റ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 2027ഓടെ തന്നെ വിവിധ ഡാറ്റാസെറ്റുകള്‍ പ്രസിദ്ധീകരിക്കാനാകുമെന്ന പ്രതീക്ഷയും അധികൃതര്‍ പ്രകടിപ്പിച്ചു.

സെന്‍സസ് നടപടിക്കായി പൗരന്മാര്‍ യാതൊരു രേഖയും ഹാജരാക്കേണ്ടതില്ല. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകില്ലെന്നും അറിയിച്ചു. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: