സെന്‍സസ് 2027; ആദ്യ ഘട്ടത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
സെന്‍സസില്‍ 33 ചോദ്യങ്ങള്‍, കേരളത്തില്‍ കണക്കെടുപ്പ് ജൂലൈയില്‍
ന്യൂഡല്‍ഹി: 2027ലെ സെന്‍സസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തില്‍ ജൂലൈയില്‍ നടക്കും. ജൂലൈ ഒന്ന് മുതല്‍ 31വരെ സെന്‍സസ് നടക്കുമെന്ന് അറിയിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021ല്‍ സെന്‍സസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെന്‍സസ് നടത്തിയത്.
2027ലെ സെന്‍സസിന്റെ ആദ്യ ഘട്ടത്തിനായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഈ വര്‍ഷം സെന്‍സസിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇത് നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് നടത്തും. 2027ലെ സെന്‍സസില്‍ ജാതി സംബന്ധിയായ വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെന്‍സസ് 2026 ഏപ്രിലില്‍ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാര്‍ച്ച് ഒന്നിനാണ് സെന്‍സസിന്റ റഫറന്‍സ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്ടോബര്‍ ഒന്നാണ് റഫറന്‍സ് തിയ്യതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് ഒന്നിന് ആരംഭിക്കും.
2027ലെ സെന്‍സസ് ഇന്ത്യയുടെ 16മത് സെന്‍സസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെന്‍സസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങള്‍, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാര്‍ഡ് തല ഡാറ്റ നല്‍കുകയും ചെയ്യുന്നു. 1948ലെ സെന്‍സസ് നിയമവും 1990ലെ സെന്‍സസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്.
ചോദിക്കുന്ന 33 ചോദ്യങ്ങള്‍
കെട്ടിട നമ്പര്‍(നഗരം അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കില്‍ സെന്‍സസ് നമ്പര്‍)
സെന്‍സസ് വീട്ടു നമ്പര്‍
സെന്‍സസ് ഹൗസിന്റെ തറയില്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍
സെന്‍സസ് ഹൗസിന്റെ ചുമരുകളില്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍
സെന്‍സസ് ഹൗസിന്റെ മേല്‍ക്കൂരയില്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍
സെന്‍സസ് ഹൗസിന്റെ ഉപയോഗങ്ങള്‍
സെന്‍സസ് ഹൗസിന്റെ അവസ്ഥ
കുടുംബ നമ്പര്‍
ഒരു വീട്ടില്‍ സാധാരണയായി താമസിക്കുന്ന ആകെ ആളുകളുടെ എണ്ണം
കുടുംബനാഥന്റെ പേര്
കുടുംബനാഥന്റെ ലിംഗഭേദം
കുടുംബനാഥന്‍ എസ്സി/എസ്ടി/മറ്റുള്ളവരില്‍ പെട്ടയാളാണോ?
വീടിന്റെ ഉടമസ്ഥാവകാശ നില
കുടുംബത്തിന് താമസിക്കാന്‍ ലഭ്യമായ മുറികളുടെ എണ്ണം
വീട്ടില്‍ താമസിക്കുന്ന വിവാഹിത ദമ്പതികളുടെ എണ്ണം
കുടിവെള്ളത്തിന്റെ പ്രധാന ഉറവിടം
കുടിവെള്ള സ്രോതസ്സുകളുടെ ലഭ്യത
പ്രകാശത്തിന്റെ പ്രധാന ഉറവിടം
ടോയ്ലറ്റുകളുടെ ലഭ്യത
ടോയ്ലറ്റിന്റെ തരം
മലിനജല ഡ്രെയിനേജ്
കുളിമുറികളുടെ ലഭ്യത
അടുക്കളയുടേയും എല്‍പിജി/പിഎന്‍ജി കണക്ഷന്റെയും ലഭ്യത
പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
റേഡിയോ/ട്രാന്‍സിസ്റ്റര്‍
ടെലിവിഷന്‍
ഇന്റര്‍നെറ്റ് സൗകര്യം
ലാപ്ടോപ്പ്/കംപ്യൂട്ടര്‍
ടെലിഫോണ്‍/മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍
സൈക്കിള്‍/സ്‌കൂട്ടര്‍/മോട്ടോര്‍സൈക്കിള്‍/മോപ്പെഡ്
കാര്‍/ജീപ്പ്/വാന്‍
കുടുംബം പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം
മൊബൈല്‍ നമ്പര്‍(സെന്‍സസ് സംബന്ധമായ ആശയവിനിമയത്തിന് മാത്രം)

