'പ്രൈവറ്റ്' സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്; ആവിഷ്‌കാരസ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യപ്പെടുന്നുവെന്ന് സംവിധായകന്‍
കൊച്ചി: 'പ്രൈവറ്റ്' സിനിമയ്ക്ക് കടുംവെട്ടു നടത്തിയ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ പ്രതികരണവുമായി സിനിമയുടെ സംവിധായകന്‍ ദീപക് ഡിയോണ്‍. അജണ്ടയോടെയുള്ള നീക്കമാണിതെന്നും ആവിഷ്‌കാരസ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യപ്പെടുന്നുവെന്നും ദീപക് പറഞ്ഞു. പൗരത്വബില്ലിനെ കുറിച്ച് ഒന്നും മിണ്ടാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ നടക്കുമെന്നും അദ്ദേഹം ചോദിച്ചു. നാളെ നാം എന്ത് സംസാരിക്കണം, പ്രസംഗിക്കണം എന്ന കാര്യത്തിലും തിരുത്തലുകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് സ്ഥലങ്ങളിലാണ് സിനിമയ്ക്ക് വെട്ട് വന്നത്. പൗരത്വ ബില്‍ എന്ന പറയുന്ന ഭാഗം ഒഴിവാക്കി. ബീഹാര്‍, രാമരാജ്യം, ഹിന്ദിക്കാര്‍ എന്ന വാക്കുകളും വെട്ടി. അപ്പീലുമായി മുന്നോട്ട് പോയതിന് ശേഷമാണ് ഒമ്പത് മാറ്റങ്ങളോടെ 'പ്രൈവറ്റ്' വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയത്. ആദ്യം ആഗസ്ത് ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു.
നേരത്തെ 'ഹാല്‍' സിനിമയ്‌ക്കെതിരേ സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് വലിയ വിവാദമായിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.