വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍; ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈജിപ്തില്‍; ചര്‍ച്ച ഇന്ന് വൈകീട്ട്

Update: 2025-10-06 07:19 GMT

ഗസ: വെടിനിര്‍ത്തല്‍, പിന്‍വാങ്ങല്‍, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈജിപ്തില്‍ എത്തി. ഇന്ന് വൈകീട്ടായിരിക്കും ചര്‍ച്ച നടക്കുക എന്നാണ് വിവരം. ഹമാസ്- ഇസ്രായേല്‍ പ്രതിനിധികള്‍ക്കൊപ്പം യു എസ്, ഈജിപ്ത്, ഖത്തര്‍ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ഒമ്പതിന് ഖത്തറിലെ ദോഹയില്‍ വച്ച് ഇസ്രായേല്‍ വധിക്കാന്‍ ശ്രമിച്ച ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് ഖലീല്‍ അല്‍ഹയ്യ. അദ്ദേഹം ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. .ഇസ്രായേലിന്റെ ആക്രമണശേഷം ഇതാദ്യമായാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തുന്നത്.

ഈജിപ്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അല്‍ഹയ്യ അല്‍അറബി ചാനലിന് പ്രത്യേക അഭിമുഖം നല്‍കുകയായിരുന്നു. മകന്റെ മരണം ഉള്‍പ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസയില്‍ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനും ഇസ്രായേല്‍ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീന്‍ കുഞ്ഞും ഒരുപോലെയാണ് അവര്‍ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്റെ പാതയാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബോംബാക്രമണം നിര്‍ത്തണമെന്ന ആഹ്വാനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ അധിനിവേശം വംശഹത്യ തുടരുകയാണെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടറുകളിലും ഇസ്രായേല്‍ സൈന്യം 131 ലധികം വ്യോമാക്രമണങ്ങള്‍ നടത്തി.

Tags: