കെഎസ്എഫ്ഡിസി തിയേറ്ററുകളുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) നിയന്ത്രിക്കുന്ന തലസ്ഥാനത്തെ കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തി. തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം പ്രചരിക്കുന്നത്.
കെഎസ്എഫ്ഡിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തിയേറ്ററുകളുടെ സിസിടിവി സംവിധാനം ഹാക്ക് ചെയ്ത് കൈക്കലാക്കിയതാണൊ എന്ന് ഉള്‍പ്പെടെ വിവിധ സാധ്യതകളാണ് പോലിസ് പരിശോധിക്കുന്നത്. 2023 മുതല്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ പണം നല്‍കി ലഭ്യമാകുന്ന തരത്തില്‍ അശ്ലീല സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വിറ്റഴിക്കപ്പെടുന്നത്. തിയേറ്ററിന്റെ പേര്, സ്‌ക്രീന്‍ നമ്പര്‍, തീയതി, സമയം തുടങ്ങിയവ വ്യക്തമായി കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെഎസ്എഫ്ഡിസി ആഭ്യന്തര സാങ്കേതിക പരിശോധന ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക റിപോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ വിശദമായ പ്രതികരണം നല്‍കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.