സി സി മുകുന്ദന്‍ സിപിഐയില്‍ നിന്ന് രാജിവച്ചു
നാട്ടികയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് മുകുന്ദന്‍ അറിയിച്ചു
തൃശൂര്‍: നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദന്‍ സിപിഐ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. നാട്ടികയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് മുകുന്ദന്‍ അറിയിച്ചു. മറ്റു പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയില്‍ നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിക്കെതിരേ സി സി മുകുന്ദന്‍ വീണ്ടും ആരോപണം ഉന്നയിച്ചു. മകള്‍ക്ക് 225 പവന്‍ വിവാഹ സമ്മാനമായി നല്‍കിയെന്നാണ് മുകുന്ദന്റെ ആരോപണം. നാട്ടികയില്‍ നിന്ന് പണം പിരിച്ചു. എന്നാല്‍ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവര്‍ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പില്‍ വിശ്വാസമില്ലയെന്നും മുകുന്ദന്‍ പറഞ്ഞു.
നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്നാണ് സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
വികസന യാത്ര പൂര്‍ത്തിയാക്കി മല്‍സരിക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന്‍ കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മല്‍സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാഗോപിയെ വീണ്ടും സ്ഥാനാര്‍ത്തിയാക്കാനുള്ള തീരുമാനം വന്നത്. പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് മുകുന്ദന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം നമസ്‌തേ കേരളത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില്‍ എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുനില്‍ ലാലൂര്‍ ഉള്‍പ്പടെയുള്ളവരെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. അതേസമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സിപിഐ നേതാവായ സി സി മുകുന്ദന്‍ 28,431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ ഇപ്പോള്‍ സിപിഐ സ്ഥാനാര്‍ഥിയായി തീരുമാനിച്ച ഗീതാഗോപിയാണ് മല്‍സരിച്ചത്. അന്ന് 26,777 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 4,706 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ എന്നതിലാണ് യുഡിഎഫ് ഇത്തവണ പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതിനിടയിലാണ് സി സി മുകുന്ദന് സീറ്റ് നിഷേധിച്ചിരിക്കുന്നത്.

