ന്യൂഡല്‍ഹി: യുദ്ധസമാന സാഹചര്യം തുടരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. വിദ്യാര്‍ഥികളുടെ സുരക്ഷയും ഭാവിയും പരിഗണിച്ചാണ് കേന്ദ്ര മാദ്ധ്യമിക വിദ്യാഭ്യാസ ബോര്‍ഡിന്റെ (സിബിഎസ്ഇ) അടിയന്തര തീരുമാനം. ബഹ്‌റയ്ന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് നടപടി ബാധിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും, നേരത്തെ മാറ്റിവച്ചത് ഉള്‍പ്പെടെ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു.
പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠനമികവ് വിലയിരുത്താന്‍ പ്രത്യേക ബദല്‍ മൂല്യനിര്‍ണ്ണയ സംവിധാനം സിബിഎസ്ഇ പ്രഖ്യാപിച്ചു. എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതിയവര്‍ക്ക് അവരുടെ യഥാര്‍ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഫലം നല്‍കും. ഭാഗികമായി പരീക്ഷ എഴുതിയവര്‍ക്കും പരീക്ഷകള്‍ മുഴുവനായും മുടങ്ങിയവര്‍ക്കും സ്‌കൂളുകള്‍ സമര്‍പ്പിക്കുന്ന ഡാറ്റയെ ആശ്രയിച്ചായിരിക്കും ഫലം.
ക്വാര്‍ട്ടര്‍ലി, ഹാഫ് ഇയര്‍ലി, പ്രീബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്കുകള്‍ വിലയിരുത്തലില്‍ പ്രധാനമായി പരിഗണിക്കും. പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകളില്‍ മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഏപ്രില്‍ ആറു മുതല്‍ 13 വരെ സ്‌കൂളുകള്‍ സിബിഎസ്ഇ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ അസന്തുഷ്ടരായ വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമായാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. കംപാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ 2026 ജൂലൈയില്‍ നടത്താനാണ് നിലവിലെ തീരുമാനം. മൂല്യനിര്‍ണ്ണയം സുതാര്യമായും കൃത്യമായും പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
