സൗദിയിലെ 1999ലെ കൊലപാതകം; പ്രതി അറസ്റ്റില്‍

Update: 2025-08-16 16:56 GMT

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ 1999ല്‍ കൊലപാതകം നടത്തിയ ആളെ സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26 വര്‍ഷമായി വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയില്‍ തന്നെ തുടര്‍ന്ന പ്രതിയെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ദില്‍ഷാദാണ് അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു.

സൗദിയിലെ റിയാദില്‍ ഹെവി മോട്ടോര്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ദില്‍ഷാദ് 1999ലാണ് സഹപ്രവ ര്‍ത്തകനെ കൊന്നത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് കടന്ന ഇയാള്‍ പിന്നെ വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് തന്നെ പോയി. പ്രതിയെ കണ്ടെത്തി വിചാരണ നടത്തണമെന്ന് 2022ല്‍ സൗദി പോലിസ് സിബിഐയ്ക്ക് കത്ത് നല്‍കി. തുടര്‍ന്ന് സിബിഐ പ്രതിയുടെ ഉത്തര്‍പ്രദേശിലെ വിലാസം കണ്ടെത്തി അന്വേഷണം നടത്തി. ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും പാസ്‌പോര്‍ട്ട് വ്യാജമായതിനാല്‍ പ്രതിയെ കണ്ടെത്താനായില്ല. ഇയാള്‍ വിദേശത്തുപോയി തിരികെ വരാറുണ്ടെന്ന് അന്വേഷണത്തില്‍ സിബിഐയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് വ്യാജ പാസ്‌പോര്‍ട്ടിന്റെ കാര്യം മനസിലായത്. പിന്നീട് രഹസ്യാന്വേഷണം നടത്തി പാസ്‌പോര്‍ട്ട് നമ്പര്‍ തരപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ലുക്കൗട്ട് നോട്ടിസ് ഇറക്കി. കഴിഞ്ഞ ദിവസം പ്രതി സൗദിയില്‍ നിന്നും ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.