തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ ക്രിസ്ത്യാനികള്‍ തിരുവനന്തപുരത്ത് പ്രതിഷേധിച്ചു. തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് രാജ്ഭവനിലേക്കു നടത്തിയ ഐക്യദാര്‍ഢ്യ പ്രതിഷേധ റാലിയില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് ക്രിസ്തുദാസ് മറ്റു സഭാമേലധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുത്തു.
സന്യാസിനിമാര്‍ മതേതര ഭാരതത്തിന് അഭിമാനമാണെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ പറഞ്ഞു. അവരുടെ സേവനങ്ങളാണ് പതിനായിരക്കണക്കിന് ആളുകളെ മുഖ്യധാരയിലേക്കു നയിച്ചത്. അവരുടെ സേവനം ആര്‍ഷഭാരതത്തിന് അവിഭാജ്യഘടകമാണ്. ഒരു കല്‍ത്തുറങ്കിനും അതിനെ ഭേദിക്കുവാന്‍ സാധിക്കില്ല. സന്യാസിനിമാരുടെ സമര്‍പ്പണമാണ് അശരണരുടെ ആശ്രയം ധൈര്യമായി മുന്നോട്ടു പോകുക. രണ്ടു കന്യാസ്ത്രീകളെ അകാരണമായി ജയിലില്‍ അടച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടവിചാരണയാണ് അവര്‍ക്കു നേരിടേണ്ടിവന്നത്. ദുര്‍ഗിലെ സെഷന്‍സ് കോടതി കന്യാസ്ത്രീമാരുടെ ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു വിഭാഗം ആഹ്ലാദിക്കുന്നതു കണ്ടത് ഏറെ സങ്കടകരമായി. ഇതാണോ മതേതര ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു.
