കൊച്ചി: കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകള്‍ പിന്നിട്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചു. രാത്രി പതിനൊന്ന് മണിയോടെ മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിന് പിന്നാല, 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചത്. പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളില്‍ എത്തിച്ചിരുന്നു.
അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ 1.20ന് പൂച്ചയെ രക്ഷപ്പെടുത്തി തോപ്പുംപടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം 556ാം നമ്പര്‍ മെട്രോ തൂണിന് മുകളില്‍ പൂച്ചയിരിക്കുന്നത് ഒരാഴ്ചമുമ്പാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കണ്ടത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് രക്ഷാദൗത്യം തുടങ്ങിയത്.
ആദ്യം മാന്‍ലിഫ്റ്റര്‍ ഉപയോഗിച്ച് സമീപത്തെത്തിയെങ്കിലും പൂച്ച ഓടിമറഞ്ഞു. പിന്നീട് ലിഫ്റ്റര്‍ തകരാറിലായി. വൈകിട്ട് മറ്റൊരു ലിഫ്റ്റ് എത്തിച്ച് മെട്രോ സര്‍വീസ് നിര്‍ത്തിവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്നാണ് മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിന് ശേഷം വീണ്ടും രക്ഷാ പ്രവര്‍ത്തനം നടത്തി പൂച്ചയെ നിലത്തിറക്കിയത്.