'പൊതുശ്മശാനത്തില്‍ ജാതി മതില്‍:ജാതി വ്യവസ്ഥയുടെ ക്രൂരമുഖം വ്യക്തമാക്കുന്നു- റോയ് അറയ്ക്കൽ

Update: 2025-05-24 12:59 GMT

തിരുവനന്തപുരം: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി മൃതദേഹം സംസ്‌കരിക്കാന്‍ പ്രത്യേകം മതില്‍കെട്ടി തിരിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും ജാതി വ്യവസ്ഥയുടെ ക്രൂര മുഖം വ്യക്തമാക്കുന്നതാണ് സംഭവമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ജാതി മതിൽ നിർമാണം മനുഷ്യത്വ വിരുദ്ധമാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണിത്. ഇത് മനുസ്മൃതി അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യത്തിന്റെ കുടിലതയാണ്. ഈ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. മൃതദേഹത്തോട് പോലും അയിത്തവും തീണ്ടലും കല്‍പ്പിക്കുന്ന മനുസ്മൃതിയുടെ ജീര്‍ണതയെ സമൂഹത്തില്‍ വീണ്ടും കുടിയിരുത്താനുള്ള ശ്രമത്തിനെതിരേ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പാലിക്കണം.

പുരോഗമനവും നവോഥാനവും അവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ലജ്ജാകരമാണ്. പൊതുശ്മശാനത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി മതില്‍ കെട്ടാന്‍ അനുമതി നല്‍കിയ നഗരസഭയുടെ തീരുമാനം ജാതിവ്യവസ്ഥയെ താലോലിക്കലാണ്. ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും ഒളിയജണ്ടകളുമാണ് ഇതിലൂടെ മറനീക്കുന്നത്. ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡേവാറിൻ്റെ നാമകരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ച പാലക്കാട് നഗരസഭയാണ് ജാതി മതിൽ നിർമാണത്തിന് ഒത്താശ ചെയ്യുന്നതെന്നു കൂടി തിരിച്ചറിയണം. വേടന്റെ പാട്ടിനെതിരേ ആക്ഷേപം ഉന്നയിക്കുന്നവരാണ് പൊതുശ്മശാനത്തില്‍ ജാതി അടിസ്ഥാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ മതില്‍ കെട്ടി തിരിക്കുന്നത്. കലാസൃഷ്ടികള്‍ ആര് നടത്തണം, എങ്ങിനെ നടത്തണം, ആര് പാടണം, എന്തു പാടണം തുടങ്ങി സര്‍വതും വംശീയതയുടെയും ജാതീയതയുടെയും അടിസ്ഥാനത്തില്‍ തിട്ടൂരം കല്‍പ്പിക്കുന്നത് സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് പൊതുശ്മശാനത്തില്‍ ജാതി മതില്‍ നിര്‍മാണം നടക്കുന്നത്. സംഘപരിവാരം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന മനുഷ്യത്വ വിരുദ്ധമായ വര്‍ണ വ്യവസ്ഥയ്‌ക്കെതിരേ നിതാന്ത ജാഗ്രത പാലിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.