കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; ഡോ. സി എന്‍ വിജയകുമാരിക്ക് ജാമ്യം

Update: 2025-12-08 11:48 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡോ. സി എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട് എസ്ടി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സി എന്‍ വിജയകുമാരിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായി ജാമ്യം എടുക്കാമെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ അറിയിച്ചിരുന്നു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് കാരണമെന്നായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.

വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലിസ് കേസെടുത്തിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.