ജാതി അധിക്ഷേപം; ആത്മഹത്യക്ക് ശ്രമിച്ച 18കാരന്‍ മരിച്ചു
മരിച്ചത് തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ ഗജിനി
ചെന്നൈ: ജാതി അധിക്ഷേപത്തെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 18കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ ഗജിനിയാണ് മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഗജിനി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സംഭവം നടന്ന് 10 ദിവസങ്ങള്‍ക്കുശേഷമാണ് മരണം. ഗവണ്‍മെന്റ് അരിഗ്‌നര്‍ അണ്ണാ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഗജിനി.
നവംബര്‍ 6 നാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലില്‍ നിന്നു വീട്ടിലേക്ക് മടങ്ങവെ, മദ്യപിച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന വണ്ണിയാര്‍ സമുദായത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഗജിനിയുടെ സൈക്കിളില്‍ ഇടിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടായി. ഗജിനി ഒരു ദലിത് സമുദായത്തില്‍ നിന്നുള്ള ആളാണെന്നറിഞ്ഞ പ്രതികള്‍ അയാളെ ജാതിപ്പേര് വിളിച്ച് ആക്രമിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. ഗജിനിയുടെ പിതാവ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തതുടര്‍ന്ന് മനോവിഷമത്തിലായ ഗജിനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ തിരിച്ചറിയാത്ത മൂന്ന് പ്രതികള്‍ക്കെതിരേ വില്ലുപുരം താലൂക്ക് പോലിസ് എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.