ജാതി അധിക്ഷേപത്തില്‍ കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരേ കേസെടുത്തു

'നീ പുലയന്‍ അല്ലേ ആ വാല് തന്നെ ധാരാളം' എന്നായിരുന്നു ഡീന്‍ വിജയകുമാരിയുടെ അധിക്ഷേപം

Update: 2025-11-09 03:59 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ സംസ്‌കൃത വിഭാഗം മേധാവി സി എന്‍ വിജയകുമാരിക്കെതിരേ പോലിസ് കേസെടുത്തു. ജാതി അധിക്ഷേപം നടത്തിയെന്ന പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശ്രീകാര്യം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്-എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാര്‍ഥിയുടെ പരാതി.

ഇന്നലെ വിപിന്‍ വിജയന്‍ ശ്രീകാര്യം പോലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. സി എന്‍ വിജയകുമാരിയെ ചോദ്യം ചെയ്ത് അറസ്റ്റിലേക്കു നീങ്ങുമോ അതോ നിയമോപദേശം തേടിയ ശേഷം മാത്രമാകുമോ അറസ്റ്റെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ല. വിജയകുമാരിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുള്ളത്.' നീ പുലയന്‍ അല്ലേ ആ വാല് തന്നെ ധാരാളം' എന്ന് വിജയകുമാരി പറഞ്ഞു. വിപിന്‍ മുറിയില്‍ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയില്‍ വെള്ളം തളിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.

പുലയന് എന്തിനാണ് ഡോക്ടര്‍ വാല് എന്ന് അധ്യാപിക ചോദിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. മറ്റ് അധ്യാപകര്‍ക്കു മുന്നില്‍ വെച്ചായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വിപിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡോ. സി എന്‍ വിജയകുമാരിയില്‍ നിന്നുണ്ടായെന്ന് വിദ്യാര്‍ഥി പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു. തന്റെ എംഫില്‍ പ്രബന്ധം സര്‍ട്ടിഫൈ ചെയ്തയാളാണ് വിജയകുമാരി. പിന്നെയെങ്ങനെയാണ് പിഎച്ച്ഡി ചെയ്യുമ്പോള്‍ സംസ്‌കൃതം വായിക്കാനും എഴുതാനും അറിയാത്തയാളായി മാറിയതെന്നും ഇതില്‍ ജാതി വിവേചനുണ്ടെന്നാണ് വിപിന്‍ പറയുന്നത്.

പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്‌കൃതം വിഭാഗം ഡീനിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഡോ. സി എന്‍ വിജയകുമാരി ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയനു നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും നടത്തിയെന്നാണ് പരാതി. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.