പരോളിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ജയില്‍ ആസ്ഥാനത്തെ ഡിഐജിക്കെതിരേ കേസ്
തിരുവനന്തപുരം: ജയില്‍ ആസ്ഥാനത്തെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡിഐജി) എം കെ വിനോദ് കുമാറിനെതിരേ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. തടവുകാരന് പരോള്‍ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജയില്‍ സംവിധാനത്തിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതും തടവുപുള്ളികളുടെ പരോള്‍ അനുവദിക്കുന്നതിനായി അനധികൃതമായി പണം ഈടാക്കുന്നതുമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വിനോദ് കുമാറിനെതിരേ നേരത്തെ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സിന് കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ വിജിലന്‍സ് ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം പുരോഗമിക്കുകയുമാണ്. വിജിലന്‍സിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് പരിഗണിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.