ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്; മാതാവ് കുറ്റക്കാരി, ആണ്‍സുഹൃത്തിനെ വെറുതെ വിട്ടു
കണ്ണൂര്‍: ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ മാതാവും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. കണ്ണൂര്‍ തയ്യിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് മാതാവ് ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ശരണ്യയുടെ ആണ്‍സുഹൃത്തായ രണ്ടാം പ്രതി നിധിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു. ഈ മാസം 21ന് വിധി പറയും.
നിധിനെതിരേ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍ ശരണ്യക്കെതിരേ ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായി. കടല്‍ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം പറ്റിയ വസ്ത്രങ്ങളും ചെരിപ്പുമടക്കമുള്ള തെളിവുകള്‍ ഹാജരാക്കി. വസ്ത്രത്തില്‍ ഉപ്പുവെള്ളം പറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യയ്ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പോലിസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചു. ശരണ്യയും നിധിനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കോടതിയില്‍ ഹാജരാക്കിയത്. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ശരണ്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്നും ശരണ്യക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്നും നിധിന്‍ വാദിച്ചിരുന്നു. നാര്‍ക്കോ അനാലിസിസിന് ഉള്‍പ്പെടെ വിധേയനാകാന്‍ തയ്യാറാണെന്ന് നിധിന്‍ അറിയിച്ചിരുന്നു.
2020 ഫെബ്രവരി 17ന് പുലര്‍ച്ചേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ വിയാനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഭര്‍ത്താവായ പ്രണവുമായി അകല്‍ച്ചയിലായിരുന്ന ശരണ്യ കൊലപാതകത്തിനു ശേഷം കുറ്റം പ്രണവിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനും ഇതിലൂടെ ഭര്‍ത്താവിനേയും കുഞ്ഞിനേയും ഒരേപോലെ ഒഴിവാക്കി കാമുകനൊപ്പം കഴിയാനുമാണ് പദ്ധതിയിട്ടതെന്നുമാണ് കേസ്.
പുലര്‍ച്ചെ കുഞ്ഞുമായി കടല്‍തീരത്തെത്തിയ ശരണ്യ ആദ്യം കുട്ടിയെ വലിച്ചെറിഞ്ഞു. എന്നാല്‍ കുഞ്ഞ് മരിക്കാതെ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോള്‍, വീണ്ടും കുഞ്ഞിനെ എടുത്ത് കടല്‍ഭിത്തിയിലേക്കെറിഞ്ഞ് മരണം ഉറപ്പാക്കി. അതിനുശേഷം വീട്ടിലെത്തി ഒന്നുമറിയാത്ത രീതിയില്‍ ഉറങ്ങാന്‍ കിടന്ന ശരണ്യ, രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും തിരയുന്നതായി അഭിനയിക്കുകയും ചെയ്തിരുന്നു.

