സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: പ്രതി പിടിയില്‍
പ്രതി മുഹമ്മദ് റോഷനെ അങ്ങാടിപ്പുറത്ത് വച്ചാണ് പിടികൂടിയത്
മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്തെന്ന കേസില്‍ പ്രതി റോഷന്‍ പിടിയില്‍. മുഹമ്മദ് റോഷന്‍ എന്നയാളെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്. വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് 15 കോടി രൂപ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതായാണ് എഫ്ഐആര്‍. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷന്‍ ഒളിവിലായിരുന്നു. മുസ് ലിം ലീഗ് നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തിരുന്നു.
Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം. മാര്‍ച്ച് 21നായിരുന്നു പോസ്റ്റ്. എന്നാല്‍ ജനുവരി 31ന് മുഹമ്മദ് റോഷന്‍, മോയീന്‍ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തല്‍മണ്ണയിലെ മാളില്‍ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോയും കാണിച്ചു പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, ഇക്കാര്യം പുറത്തു പറഞ്ഞാലോ, പരാതിപ്പെട്ടാലോ തന്നെ വധിക്കുമെന്നും മോയീന് അലി തങ്ങള്‍ പരാതിയില്‍ പറയുന്നു.
പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് മാര്‍ച്ച് 21ന് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടെന്നും പരാതിയിലുണ്ട്. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുസ് ലിം ലീഗിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ പോലിസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.