അമ്മയുടെ അടുത്തു കിടന്നതിന് 12 കാരനെ മര്‍ദിച്ച സംഭവം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലിസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെ ജെ ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ കാരണമായത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതും മര്‍ദനത്തിന് പ്രകോപനമുണ്ടാക്കി.
അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും, അമ്മ നെഞ്ചില്‍ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദന വിവരം പുറത്തറിയുന്നത്. പിന്നീട് പോലിസെത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ്.
അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികില്‍സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു.