ഫത്തേപൂരില്‍ മഖ്ബറയില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ക്കെതിരേ കേസ്

Update: 2025-11-07 09:39 GMT

ഫത്തേപൂര്‍: ഫത്തേപൂരില്‍ മഖ്ബറയില്‍ ദീപാവലി ആഘോഷം നടത്തിയ 20 സ്ത്രീകള്‍ക്കെതിരേ കേസെടുത്ത് പോലിസ്. പോലിസിനോട് മോശമായി പെരുമാറിയതിനും ഇസ് ലാമിക ആരാധനാലയം സംരക്ഷിക്കുന്നതില്‍ നിന്ന് പോലിസിനെ തടഞ്ഞതിനുമാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. അബുനഗര്‍ റെദയ്യ മൊഹല്ലയിലെ മഖ്ബറ-ഇ-സാംഗിക്ക് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ഏതാനും സ്ത്രീകള്‍ എത്തിയത്.

കാവി വസ്ത്രധാരികളായ ഇവര്‍ മഖ്ബറക്കുമുന്നില്‍ ദീപാവലി ആഘോഷിക്കാന്‍ മുതിര്‍ന്നു. തുടര്‍ന്ന് ഇവരെ പോലിസ് തടയുകയായിരുന്നു. ഇതിനേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അവര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പ്രവേശനാനുമതിക്കായി പോലിസിനോട് ആവശ്യമുന്നയിക്കുകയും ചെയ്തു. പൂജ നടത്തണമെങ്കില്‍ വീടുകളിലേക്കു പോകൂ എന്നും മറ്റു സമുദായക്കരുടെ വിശ്വാസം തകര്‍ക്കരുതെന്നും അവരോട് ആവശ്യപ്പെട്ടതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് മുഖ്‌ലാല്‍ പാല്‍ ഉള്‍പ്പെടെയുള്ള ചില ബിജെപി നേതാക്കള്‍ ആഗസ്റ്റ് 11ന് മഖ്ബറയില്‍ അതിക്രമിച്ചു കയറി ആര്‍എസ്എസ് പതാക ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഇവിടെ സംഘര്‍ഷം ഉടലെടുത്തത്. പിന്നീട്, മഠ്-മദിര്‍ സംഘര്‍ഷ് സമിതി എന്ന സംഘടന, മുമ്പ് ഇത് ഒരു ഹിന്ദു ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിച്ചു. കേസ് നവംബര്‍ 12ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും ഇവിടെ സംഘര്‍ഷമുണ്ടായത്.

Tags: