മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്ത 72 പേര്‍ക്കെതിരേ കേസ്

Update: 2025-11-07 14:33 GMT

തിരുവനന്തപുരം: അമിതമായി മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്കെതിരേ കേസെടുത്ത് റെയില്‍വേ പോലിസ്. യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധത്തിലെത്തിയ 72 പേര്‍ക്കെതിരേയാണ് കേസ്. റെയില്‍വേ പോലിസിന്റെ 'ഓപ്പറേഷന്‍ രക്ഷിത'യുടെ ഭാഗമായാണ് പരിശോധന. വര്‍ക്കലയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിനെ തുടര്‍ന്നാണ് മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പരിശോധന നടത്തിയത്.

തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്ററില്‍ ചികില്‍സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇഞ്ചുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ സാധാരണ നിലയിലാകാന്‍ സമയം വേണ്ടി വരും. എന്നാല്‍ എത്രനാള്‍ ഇങ്ങനെ അബോധാവസ്ഥയില്‍ തുടരുമെന്നും വ്യക്തമല്ല. അതേസമയം, എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളോയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.