പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
മുന്‍കൂര്‍ ജാമ്യാപേക്ഷ 17ന് പരിഗണിക്കും
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി. കേസില്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്. സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ജാമ്യ ഹരജി ചോദ്യം ചെയ്തു നല്‍കിയ റിപോര്‍ട്ടിലാണ് പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചത്.
ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് തലസ്ഥാനത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയില്‍ പറയുന്ന സമയത്ത് പി ടി കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് കോടതിയെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് റിപോര്‍ട്ട്.
കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. സംഭവത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇത് മുഖ്യമന്ത്രി കന്റോണ്‍മെന്റ് പോലിസിന് കൈമാറുകയായിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യം 17നാണ് കോടതി പരിഗണിക്കുക.