അഖില്‍ പി ധര്‍മജനെ കുറിച്ച് തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ദുമേനോനെതിരേ കേസ്

Update: 2025-08-17 15:19 GMT

കൊച്ചി: യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മജനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസെടുത്തു. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അഖില്‍ പി ധര്‍മജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ 'റാം കെയര്‍ ഓഫ് ആനന്ദി'യുടെ ഉള്ളടക്കത്തെ ഇന്ദുമേനോന്‍ മോശം ഭാഷയില്‍ പരിഹസിച്ചിരുന്നു. 'സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട് എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താന്‍ വിശ്വസിക്കുന്നില്ല' എന്നായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാര്‍ഡിന് പിന്നിലെന്നും കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിനുപിറകില്‍ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ദു മേനോന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ അപമാനിക്കലിന് പിന്നാലെയാണ് അഖില്‍ പി ധര്‍മജന്‍ കോടതിയില്‍ പരാതി നല്‍കിയത്.