കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വിധി എന്നുണ്ടാവുമെന്ന് ഇന്ന് അറിയിക്കുമെന്നാണ് സൂചന. 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ആകെ ഒമ്പത് പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് ഒന്നാം പ്രതി. ചില മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രശസ്ത സിനിമാതാരം ദിലീപ് എന്ന ഗോപാലകൃഷ്ണനെ കേസില്‍ എട്ടാം പ്രതിയാക്കി. യുവനടിയെ ബലാല്‍സംഗം ചെയ്യാന്‍ ദിലീപ് ക്വൊട്ടേഷന്‍ നല്‍കിയെന്നാണ് പോലിസ് വാദിക്കുന്നത്. പിന്നീട് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ദിലീപ് ആരോപിച്ചു. തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല.