'' സ്ത്രീധനം കുറഞ്ഞതിന് ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ചവിട്ടി'' സിആര്‍പിഎഫ് ജവാനെതിരേ കേസ്
കൊല്ലം: സ്ത്രീധനം കുറഞ്ഞതിന് ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ ചവിട്ടിയ സിആര്‍പിഎഫ് ജവാനെതിരേ കേസെടുത്തു. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് മാസം മുന്‍പാണ് അക്ഷയയുടെ വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് ഭര്‍ത്താവായ സിആര്‍പിഎഫ് ജവാന് നല്‍കിയത്. എന്നാല്‍, ഈ സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് നിരന്തരമായി മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. മീന്‍ മുറിക്കാന്‍ തെറ്റായ കത്തിയെടുത്തു, വീട്ടുവളപ്പില്‍ നിന്നും പൂപറിച്ചു, ചൂല് ചുവരില്‍ ചാരിവച്ചു തുടങ്ങി നിസാര കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. ഗര്‍ഭിണിയായതോടെ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തന്നെക്കുറിച്ച് പല കള്ളങ്ങളും ഭര്‍ത്താവിനോട് പറഞ്ഞുകൊടുക്കുമെന്നും ഇത് കേട്ട് ഭര്‍ത്താവ് തന്നെ മര്‍ദിക്കുമെന്നും യുവതി പറഞ്ഞു. അക്ഷയയ്ക്ക് മര്‍ദനമേറ്റതായി ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഓച്ചിറ പോലിസ് അന്വേഷണം ആരംഭിച്ചു.