വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ നിയന്ത്രണ നിയമം പ്രാബല്യത്തില്‍; 282 യൂണിറ്റുകള്‍ക്ക് 'സ്വയം നിയന്ത്രണ' ഉത്തരവ്
ന്യൂഡല്‍ഹി: കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനായി വ്യവസായങ്ങള്‍ക്ക് കര്‍ശന നിയന്ത്രണ നിയമം പ്രാബല്യത്തില്‍. ഹരിതഗൃഹ വാതക ബഹിര്‍ഗമന നിയന്ത്രണ നിയമം 2025 എന്ന പേരില്‍ പുറത്തിറങ്ങിയ ഈ നിയമം രാജ്യത്ത് ആദ്യമായാണ് പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ 16നു കരട് രൂപത്തില്‍ പുറത്തുവിട്ട നിയമം, നിര്‍ദേശങ്ങളും എതിര്‍പ്പുകളും പരിഗണിച്ച ശേഷമാണ് ഒക്ടോബര്‍ 8നു അന്തിമ വിജ്ഞാപനമായി പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
നിയമത്തിന്റെ പരിധിയില്‍ അലുമിനിയം, സിമന്റ്, പള്‍പ്പ്, പേപ്പര്‍, ക്ലോര്‍-ആല്‍ക്കലി മേഖലകളിലുളള 282 വ്യവസായ യൂണിറ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ 2023-24 ലെ അടിസ്ഥാന നിരക്കിനേക്കാള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയുടെ പെര്‍ഫോം അച്ചീവ് ആന്‍ഡ് ട്രേഡ് (പിഎഎം) ഊര്‍ജ്ജ കാര്യക്ഷമതാ പദ്ധതി അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ നിയമം. മുന്‍പ് ഊര്‍ജ്ജ സംരക്ഷണ ലക്ഷ്യങ്ങള്‍ മാത്രമേ നിശ്ചയിച്ചിരുന്നുള്ളൂ, എന്നാല്‍ ഇപ്പോഴാണ് നേരിട്ടുള്ള കാര്‍ബണ്‍ പരിധി പ്രാബല്യത്തില്‍ വരുന്നത്.
2023 ലെ കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിംഗ് സ്‌കീമുമായി ഈ നിയമം ബന്ധിപ്പിച്ചിരുന്നു. ലക്ഷ്യത്തേക്കാള്‍ കുറവ് പുറന്തള്ളുന്ന വ്യവസായങ്ങള്‍ക്കു ട്രേഡബിള്‍ കാര്‍ബണ്‍ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അതേസമയം ലക്ഷ്യത്തില്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നവര്‍ക്ക് പരിസ്ഥിതി നഷ്ടപരിഹാരമായി പിഴ അടയ്‌ക്കേണ്ടിവരും. പരിസ്ഥിതി സംരക്ഷണത്തിനും വ്യവസായത്തിലെ ഡീകാര്‍ബണൈസേഷന്‍ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.