കോട്ടയം: നഗരത്തില്‍ കോളജ് വിദ്യാര്‍ഥി നാലുകിലോമീറ്ററോളം കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങള്‍. കാര്‍ പിന്നീട് മരത്തിലിടിച്ചുനിന്നു. പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാണുന്നത് അര്‍ധബോധാവസ്ഥയില്‍ കാറിനുള്ളില്‍ കിടക്കുന്ന വിദ്യാര്‍ഥിയെ.
കോട്ടയത്തെ കോളജ് വിദ്യാര്‍ഥിയായ ജൂബിന്‍ ജേക്കബ് ആണ് കാറോടിച്ചതെന്ന് പോലിസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കാര്‍ റേസിങ്ങിന് തുടക്കം. കോട്ടയം സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുന്‍പില്‍പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു. വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാര്‍ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും നിര്‍ത്തിയില്ല.
ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്നു. പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി. നാട്ടുകാര്‍ െ്രെഡവറെ പുറത്തിറക്കിയപ്പോഴാണ് വിദ്യാര്‍ഥിയാണെന്നും അര്‍ധബോധാവസ്ഥയിലാണെന്നും കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് പോലിസും സ്ഥലത്തെത്തി. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.