പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികില്‍സയിലായിരുന്ന കുട്ടികള്‍ മരിച്ചു
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കുട്ടികള്‍ മരിച്ചു. ആല്‍ഫ്രഡ് (ആറ്), എംലീന (നാല്),എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന്റെ അമ്മ എല്‍സി ചികില്‍സയിലാണ്. എല്‍സിയുടെ മൂത്ത മകള്‍ അലീന (10), എല്‍സിയുടെ അമ്മ ഡെയ്‌സി (65) എന്നിവരാണ് ചികില്‍സയില്‍ തുടരുന്ന മറ്റുള്ളവര്‍.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് എല്‍സി. മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു
തീ ആളിക്കത്തുന്നതുകണ്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. അപ്പോഴേക്കും തനിക്കേറ്റ പരിക്ക് വകവയ്ക്കാതെ, എല്‍സി തന്റെ കാറില്‍ നിന്നും കുട്ടികളെ പുറത്തേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.