പോര്‍ച്ചില്‍ നിന്നു പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയില്‍പ്പെട്ടു; വീട്ടമ്മക്ക് ദാരുണാന്ത്യം
മീനടം: വീടിന്റെ പോര്‍ച്ചില്‍ നിന്നു പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു, മകന് പരിക്കേറ്റു. മീനടം കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്. പരിക്കേറ്റ മകന്‍ ഷിജിന്‍ കെ തോമസ് (25) തെള്ളക്കാട് ആശുപത്രിയില്‍ ചികില്‍സയിലാണ്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി അമ്മയെ സഹായിക്കാനെത്തിയപ്പോഴാണ് കാര്‍ പെട്ടെന്ന് പിന്നിലോട്ട് പോയത്. കുത്തനെയുള്ള ഇറക്കത്തില്‍ വേഗതയേറിയെത്തിയ കാറിനടിയില്‍ അമ്മയും മകനും പെടുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ മന്ദിരം ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
അന്നമ്മ എല്‍ഐസി ഏജന്റായിരുന്നു. ഭര്‍ത്താവ് തോമസ് കോരയും മൂത്തമകന്‍ സുബിന്‍ കെ തോമസും വിദേശത്താണ്.