ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊല്ലം നിലമേല്‍ വാഴോടാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്

Update: 2025-12-15 16:46 GMT

കൊല്ലം: കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി സൂപര്‍ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിലമേല്‍ വാഴോട് വച്ച് വൈകീട്ട് 6.20ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും തിരുവനന്തപുരം പൂജപ്പുര സ്വദേശികളാണ്. കാറിലുണ്ടായിരുന്ന ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ദര്‍ശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്നു. കാറില്‍ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും, ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.