ഇഡിയുടെ കുറ്റപത്രത്തിൻ്റെ വലുപ്പം നോക്കി ആരെയും ശിക്ഷിക്കാനാവില്ല : കോടതി

Update: 2025-02-28 05:53 GMT

ന്യൂഡൽഹി : കേസിൻ്റെ ഗൗരവം കൂട്ടാൻ ഇഡി സമർപ്പിക്കുന്ന ധാരാളം പേജുള്ള കുറ്റപത്രങ്ങൾ നോക്കി ആരെയും ശിക്ഷിക്കാനാവില്ലെന്ന് ഡൽഹി കോടതി. വിദേശത്ത് ഷെൽ കമ്പനികളുണ്ടാക്കി 136 കോടി രൂപ കടത്തിയെന്ന കേസിലെ ആരോപണ വിധേയനായ ജതിൻ ചോപ്രക്ക് ജാമ്യം അനുവദിച്ച് റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി അപർണ സ്വാമിയാണ് ഇങ്ങനെ പറഞ്ഞത്.

"എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ധാരാളം രേഖകൾ കൊണ്ടുവരുകയും അവ പൊലിപ്പിച്ച് പറയുകയും ചെയ്തു എന്നതുകൊണ്ടു മാത്രം ആരെയും ശിക്ഷിക്കാനാവില്ല. ഈ കേസിൽ വിചാരണ തുടങ്ങാൻ ഇനിയും ധാരാളം സമയമെടുക്കും." - കോടതി പറഞ്ഞു.

25,000 ൽ അധികം പേജുള്ള കുറ്റപത്രമാണ് കേസിൽ ഇഡി സമർപ്പിച്ചിട്ടുള്ളത്. ഇതിൻ്റെ ഗൗരവം പരിഗണിക്കണമെന്നും കേസിലെ മറ്റു പ്രതികൾ ആറ് മാസം വീതം ജയിലിൽകിടന്നിട്ടുണ്ടെന്നും അതിനാൽ ജതിൻ ചോപ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി വാദിച്ചു. എന്നാൽ ഇതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. കേസിലെ മറ്റു പ്രതികൾ ആറുമാസം ജയിലിൽ കിടന്നു എന്നത് കൊണ്ടു മാത്രം ജതിൻ ചോപ്രയും ജയിലിൽ കിടക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. നീതിയും ന്യായവും നടപ്പാക്കാൻ ആണ് കോടതി ഇരിക്കുന്നത്. ഈ കേസിൽ എല്ലാവരും ആറുമാസം വീതം ജയിലിൽ കിടക്കേണ്ട ആവശ്യമില്ല. അതില്ലാതെ തന്നെ ജാമ്യം അനുവദിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്നും ജഡ്ജി പറഞ്ഞു.