പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ പണമില്ല, വികാരാധീനനായി ലൈവ് സ്ട്രീമിങ്; സ്വയം വെടിവച്ച് മരിച്ച് ബിസിനസുകാരന്‍
ലഖ്‌നോ: പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ പണമില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ വീഡിയോ വഴി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു.മരണത്തിന് തൊട്ടുമുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍, സെലിബ്രിറ്റികളോടും വ്യവസായികളോടും തന്റെ കുടുംബത്തിന് പിന്തുണ അഭ്യര്‍ഥിക്കുകയും,സാമ്പത്തിക ബാധ്യതകളുടെ സമ്മര്‍ദ്ദം ഇനി താങ്ങാനാവില്ലെന്നും ഇയാള്‍ പറയുന്നു.
പ്രമേഹ രോഗിയായ തന്റെ മകള്‍ക്ക് ജീവന്‍ രക്ഷിക്കുന്ന ഇന്‍സുലിന്‍ വാങ്ങാന്‍ പോലും പണം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ ശേഷം, ഇയാള്‍ സ്വയം വെടിവയ്ക്കുകയായിരുന്നു. തന്റെ ഓഫീസില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ഫേസ്ബുക്ക് ലൈവ് കണ്ട കുടുംബാംഗങ്ങള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. ഇയാള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കോടിക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുത്തു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, ഗാര്‍ഡിന്റെ ആയുധം അയാള്‍ എങ്ങനെ ഉപയോഗിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കും.