കോട്ടയം: പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മാമ്മൂടിലെ റബ്ബര്‍ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ അസം സ്വദേശി ബിപുല്‍ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലിസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ വ്യാപകമായി ലഹരിവിരുദ്ധ പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മാമ്മൂട് ഭാഗത്തുള്ള ഇതര സംസ്ഥാന ക്യാമ്പും പരിശോധിച്ചത്. പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പ്രതി ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തിയ ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു.