പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സറിന് മരുന്ന്; ഗവേഷണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി

Update: 2026-01-10 14:32 GMT

ഭോപ്പാല്‍: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മധ്യപ്രദേശ് നടത്തിയ ഗവേഷണ സംരംഭത്തില്‍ കോടികളുടെ അഴിമതി നടന്നതായി റിപോര്‍ട്ട്. 3.5 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ടില്‍ വലിയൊരു ഭാഗം ചാണകവും ഗോമൂത്രവും വാങ്ങാനെന്ന പേരില്‍ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ 2011ല്‍ ആരംഭിച്ച ഗവേഷണ പദ്ധതിയിലാണ് വന്‍ അഴിമതി നടന്നിരിക്കുന്നത്.

ഗവേഷണത്തിനായി വാങ്ങിയ അടിസ്ഥാന സാമഗ്രികളുടെ വിലയിലാണ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയത്. ചാണകം, ഗോമൂത്രം, ഇവ സൂക്ഷിക്കാനുള്ള പാത്രങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയ്ക്കായി 2011 മുതല്‍ 2018 വരേയുള്ള കാലയളവില്‍ 1.92 കോടി രൂപ ചെലവാക്കിയതായാണ് കണക്കുകള്‍. എന്നാല്‍ നിലവിലെ വിപണി നിരക്കനുസരിച്ച് ഇതിന് പരമാവധി 15 മുതല്‍ 20 ലക്ഷം രൂപ മാത്രമേ ചെലവ് വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റുമായി വിവിധ നഗരങ്ങളിലേക്ക് നടത്തിയ യാത്രകള്‍ക്കും വിമാന സര്‍വീസുകള്‍ക്കുമായി വലിയ തുക ചിലവഴിച്ചതായും ആരോപണമുണ്ട്. പദ്ധതിക്കായി എട്ട് കോടി രൂപയാണ് സര്‍വകലാശാല ആവശ്യപ്പെട്ടതെങ്കിലും 3.5 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുകയുടെ വിനിയോഗത്തിലാണ് ഇപ്പോള്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ 'പഞ്ചഗവ്യ' ഉപയോഗിച്ച് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഗവേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, അനുവദിച്ച ഫണ്ട് അഴിമതിക്കായി വകമാറ്റിയെന്നുമാണ് ആരോപണം. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം തുടരുകയാണ്.

എന്നാല്‍ ഈ അന്വേഷണ റിപോര്‍ട്ടിലെ ആരോപണങ്ങള്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ നിരസിച്ചു. സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. പഞ്ചഗവ്യ പദ്ധതി 2012 മുതല്‍ പൂര്‍ണ സുതാര്യതയോടേയും നിയമങ്ങള്‍ പാലിച്ചുമാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് രജിസ്ട്രാര്‍ ഡോ. എസ് എസ് തോമര്‍ പറഞ്ഞു.

ജില്ലാ അധികാരികള്‍ക്ക് ലഭിച്ച ഒരു പരാതിയെ തുടര്‍ന്ന് പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കാന്‍ ഡിവിഷണല്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ ഗവേഷണത്തിന്റെ ചെലവിടല്‍ രീതികളും അതിന്റെ ഫലങ്ങളും പരിശോധിക്കാന്‍ ഡിവിഷണല്‍ കമ്മീഷണര്‍ അഡീഷണല്‍ കളക്ടറുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു.