കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യയിലേക്ക്

പ്രധാനമന്ത്രിയുമായി ഈ മാസം അവസാനം കൂടിക്കാഴ്ച നടത്തും

Update: 2026-02-23 15:53 GMT

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഏഴു വരെ നീണ്ടുനില്‍ക്കുന്ന അദ്ദേഹം നടത്തുന്ന മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന ഇന്‍ഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

കാര്‍ണി തന്റെ ഇന്ത്യാ സന്ദര്‍ശനം മുംബൈയില്‍ നിന്ന് ആരംഭിക്കും. ശേഷം ന്യൂഡല്‍ഹിയിലെത്തുന്ന കാര്‍ണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും കാനഡയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്താനും ഈ സന്ദര്‍ശനം അതീവ നിര്‍ണ്ണായകമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജി7, ജി20 ഉച്ചകോടികളില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യയിലെ സന്ദര്‍ശന വേളയില്‍ കാര്‍ണി ഇന്ത്യന്‍ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കാനഡയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കാനഡ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് തിരിക്കും. അവിടെ സിഡ്‌നിയും കാന്‍ബറയും സന്ദര്‍ശിക്കും. പ്രതിരോധം, സമുദ്ര സുരക്ഷ, നിര്‍ണ്ണായക ധാതുക്കള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി ചര്‍ച്ചകള്‍ ചര്‍ച്ചനടത്തുകയും ചെയ്യും.

Tags: