ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ നിഷേധിച്ച് കാനഡ

വിദ്യാര്‍ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിനും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്

Update: 2025-11-04 02:47 GMT

ഒന്റാറിയോ: ഇന്ത്യന്‍ വിദ്യാര്‍ഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ നാലില്‍ മൂന്നെണ്ണവും നിരാകരിക്കപ്പെടുന്നുവെന്ന് റിപോര്‍ട്ട്. കനേഡിയന്‍ കോളജുകളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകള്‍ക്കായുള്ള 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വരവുമായി ബന്ധപ്പെട്ട് രാജ്യം നടപടികള്‍ കടുപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് വിദേശ വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ കാനഡ കുറച്ചതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2023ല്‍ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ല്‍ 4,515 ആയി കുറഞ്ഞു. 2025 ഓഗസ്റ്റ് അവസാനം ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കാനഡയില്‍ വിദ്യാഭ്യാസ അനുമതി തേടി സമര്‍പ്പിക്കപ്പെട്ട ആകെ അപേക്ഷകളില്‍ 40 ശതമാനത്തിലധികമാണ് നിരാകരിക്കപ്പെട്ടത്. വിദ്യാര്‍ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിനും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠനാനുമതി തേടി ഇന്ത്യക്കാര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ 74 ശതമാനവും നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റിലെ 32ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണിത്. 2025 ഓഗസ്റ്റില്‍ ചൈനക്കാരായ വിദ്യാര്‍ഥികള്‍ പഠനാനുമതി തേടി സമര്‍പ്പിച്ച അപേക്ഷകളില്‍ ഏകദേശം 24 ശതമാനത്തോളം നിരസിക്കപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഒരു കാലത്ത് ഇന്ത്യക്കാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു കാനഡ. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയിലേക്ക് കുടിയേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും പോകാന്‍ തുടങ്ങിയിട്ടുണ്ട്.

Tags: