വോട്ടര്‍ പട്ടികയില്‍ വര്‍ഷങ്ങളായി ഉള്ളവര്‍ പൗരന്മാരാണെന്ന് കരുതാനാവില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. പലതവണ വോട്ടര്‍ പട്ടിക പുതുക്കലുകള്‍ക്ക് വിധേയരായി, വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്തി പട്ടികയില്‍ തുടരുന്നവരെ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായി അനുമാനിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാര്‍ ഉന്നയിച്ച ഈ അടിസ്ഥാനപരമായ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'സമാന്തര എന്‍ആര്‍സി' നടപ്പാക്കുകയാണെന്ന ഹരജിക്കാരുടെ വാദം കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. ഒരാള്‍ ദീര്‍ഘകാലമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അയാള്‍ പൗരനാണെന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍ നിലവിലുണ്ടെന്നത് സ്വാഭാവികമായും കരുതാവുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരക്കാരോട് വീണ്ടും പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് നീതിയുക്തമാണോയെന്നും കോടതി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജറായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പൗരത്വം പരിശോധിക്കാന്‍ കമ്മീഷന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് വാദിച്ചു. എന്നാല്‍ ഈ പരിശോധന നാടുകടത്തലിലേക്കോ മറ്റു ശിക്ഷാനടപടികളിലേക്കോ നയിക്കില്ലെന്നും, വോട്ട് ചെയ്യാനുള്ള യോഗ്യത നിര്‍ണ്ണയിക്കാനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിഹാറില്‍ മാത്രം 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം മരണം, താമസം മാറിയുള്ള കുടിയേറ്റം, ഇരട്ടിപ്പുകള്‍ എന്നിവയാണെന്നും പൗരത്വ സംശയത്തിന്റെ പേരില്‍ മാത്രമല്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പൗരത്വം സംശയിച്ച് എത്രപേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമാക്കുന്ന കൃത്യമായ കണക്ക് കോടതിക്ക് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
